Swami Vivekananda Medical Mission

Phone Number

+91 8589991227

Email Address

info@missionvivekananda.org.in

Our Location

Agali ,Palakkad-678581

എം. ബി. ബി. എസ് കഴിഞ്ഞ് നേരെ അട്ടപ്പാടിക്ക് വണ്ടി കയറിയതാണ് ഈ പത്തുരൂപാ ഡോക്ടര്‍, 16 വര്‍ഷം മുമ്പ്

“നാരായണന്‍ ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പത്തുരൂപ ഡോക്ടറാണ്,”അട്ടപ്പാടിയിലെ ഭഗവതി പറയുന്നു. “അസുഖം വന്നു കഴിഞ്ഞാല്‍ ആശുപത്രിയില്‍ പോകുന്നു എന്നല്ല പത്തുരൂപ ഡോക്ടറുടെ അടുത്തുപോകുന്നെന്നാണ് ഞങ്ങള്‍ പറയാറുള്ളത്”

എം ബി ബി എസും ഡി സി എച്ചും (ഡിപ്ലോമ ഇന്‍ ചൈല്‍ഡ് ഹെല്‍ത്തും) നേടിയാണ് ഡോ. നാരായണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് പുറത്തിറങ്ങുന്നത്, പത്തുപതിനഞ്ച് വര്‍ഷം മുമ്പ്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് ഒട്ടും കുറവില്ലാത്ത തലസ്ഥാനത്ത് മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്യാനാളുണ്ടായിരുന്നു. പക്ഷേ, ഏത് വണ്ടി പിടിക്കണമെന്ന് അദ്ദേഹം നേരത്തെ തന്നെ മനസ്സിലുറപ്പിച്ചിരുന്നു.

അങ്ങനെ 2003-ല്‍ ഡോ.നാരായണന്‍ തിരുവനന്തപുരത്തുനിന്ന് അട്ടപ്പാടിയിലേക്ക് വണ്ടി കയറി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പോയി ചേര്‍ന്നു. 1992 മുതല്‍ വിവേകാനന്ദ ആശുപത്രി അഗളിയിലുണ്ട്. ഇടയ്ക്ക് ചില ഡോക്ടര്‍മാര്‍ വന്നു പോയെങ്കിലും സ്ഥിരമായ ചികിത്സാസംവിധാനങ്ങളോ ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ല.

ഡോ. നാരായണന്‍ അട്ടപ്പാടിയില്‍

എന്നാല്‍ ഡോ. നാരായണന്‍റെ വരവോടെ കാര്യങ്ങള്‍ മാറി. അട്ടപ്പാടിയിലെ പാവങ്ങള്‍ക്ക് നല്ല ചികിത്സ ഉറപ്പാക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ആശുപത്രി എന്നതായിരുന്നു ആദ്യലക്ഷ്യം. “ഒറ്റപ്പെട്ടുപോയ, ജനങ്ങള്‍ക്കുവേണ്ടി വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രദേശത്ത് പ്രവര്‍ത്തിക്കുക എന്നത് പഠിക്കുന്ന സമയം മുതലുള്ള ആഗ്രഹമായിരുന്നു. അത് അട്ടപ്പാടിയായി എന്നത് യാദൃച്ഛികം മാത്രമാണ്,” ഡോ. നാരായണന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അട്ടപ്പാടിയില്‍ ഒരുപാട് നല്ല ഡോക്ടര്‍മാര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യത്തെ ആള്‍ ഞാനല്ല. ലാഭേച്ഛയോടെയോ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലോ മാത്രം പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കില്ല. വ്യക്തി എന്ന നിലയില്‍ ഞാന്‍ പാലിക്കുന്ന ചില ഉത്തരവാദിത്തങ്ങള്‍ എന്‍റെ കൂടെയുള്ളവരും പാലിക്കുന്നുണ്ട്. അതുകൊണ്ട് ഈ ആശുപത്രി നമ്മുടേതാണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായി,” അട്ടപ്പാടിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട പത്തുരൂപ ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആദിവാസികള്‍ മാത്രമല്ല അട്ടപ്പാടിയിലെ മറ്റ് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ആശ്രയമാണ് ഈ ആശുപത്രി. മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരുടെ സമ്പൂര്‍ണ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മിഷന്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഡോ നാരായണന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളുണ്ടായിരുന്നെങ്കിലും ആ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉതകുന്ന സാമൂഹ്യാവസ്ഥയായിരുന്നില്ല അട്ടപ്പാടിയിലേത്. രോഗം മൂര്‍ച്ഛിച്ച് തീരെ അവശരാവുമ്പോള്‍ മാത്രമാണ് ആളുകള്‍ ആശുപത്രിയിലെത്തിയിരുന്നത്. അങ്ങനെയെത്തി രക്ഷപ്പെടുന്നവരാകട്ടെ മരുന്ന് കൃത്യമായി കഴിക്കാനോ തുടര്‍ ചികിത്സക്കോ കൂട്ടാക്കാതെയാണ് ആശുപത്രി വിടും.

എന്ത് രോഗമാണ് തങ്ങള്‍ക്കെന്നുപോലും മനസിലാക്കാതെ വര്‍ഷങ്ങളോളം നരകിച്ച് കഴിയുന്നവരും മരിച്ചുപോയവരും ഒരുപാട്. ഇതായിരുന്നു ഡോ. നാരാണന്‍ അട്ടപ്പാടിയില്‍ ചെന്നപ്പോഴത്തെ അവസ്ഥ.

പട്ടിണിയും രോഗങ്ങളും ദുരിതം വിതച്ച ജീവിതങ്ങള്‍. എന്നിട്ടും അവിടെയുള്ളവര്‍ ആധുനിക ചികിത്സാരീതികളില്‍ നിന്നും മരുന്നുകളില്‍ നിന്നും അകലം പാലിച്ചു. അവരെ പറഞ്ഞുമനസ്സിലാക്കി നല്ല മരുന്നും ശുശ്രൂഷയും ഉറപ്പാക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.

ചികിത്സയല്ല ബോധവത്കരണമാണ് ആദ്യം നല്‍കേണ്ടതെന്ന് ഡോ നാരായണന് മനസ്സിലായി. തുടക്കത്തില്‍ ആദിവാസി ഊരുകള്‍ തോറും കയറിയിറങ്ങിനടന്നു. പൂജയും മന്ത്രവാദവുമല്ല മരുന്നാണ് അസുഖം മാറാന്‍ വേണ്ടതെന്ന് അവരെ പറഞ്ഞുമനസ്സിലാക്കാന്‍ ആയിരുന്നു ശ്രമം. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ വിശ്വാസമാര്‍ജിച്ച നല്ലൊരു ഡോക്ടറാകാനുള്ള സ്വയം പരിശീലനമായിരുന്നു പിന്നീട്.

അട്ടപ്പാടിയുടെ മുക്കും മൂലയുമറിഞ്ഞ് ആദിവാസി ജനതയുടെ സംസ്‌കാരവും മനശാസ്ത്രവും പഠിച്ചതോടെ ഡോക്ടറെ തേടി പതിയെ ആളുകള്‍ എത്താന്‍ തുടങ്ങി.

“നാരായണന്‍ ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പത്തുരൂപ ഡോക്ടറാണ്,”അട്ടപ്പാടിയിലെ ഭഗവതി പറയുന്നു. “അസുഖം വന്നു കഴിഞ്ഞാല്‍ ആശുപത്രിയില്‍ പോകുന്നു എന്നല്ല പത്തുരൂപ ഡോക്ടറുടെ അടുത്തുപോകുന്നെന്നാണ് ഞങ്ങള്‍ പറയാറുള്ളത്. നാരായണന്‍ എന്ന പേര് ആരും പറയാറേയില്ല, അന്നുമിന്നും പത്തുരൂപ ഡോക്ടറാണ്.”

ആദിവാസികള്‍ക്കിടയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയായ മരുതി കൂട്ടിച്ചേര്‍ക്കുന്നു: “നല്ല സ്നേഹവും സന്‍മനസുമുള്ള ഡോക്ടറാണ്… പാവങ്ങളെ ശ്രദ്ധയോടെ നോക്കുന്ന നല്ല ഡോക്ടര്‍.”

ദിവസവും നൂറിലേറെ രോഗികള്‍ ഇവിടെ ചികിത്സ തേടുന്നു. പകുതിയിലേറെയും ആദിവാസികള്‍തന്നെ. പത്ത് വര്‍ഷമായപ്പോള്‍ ഓപ്പറേഷന്‍ തീയേറ്ററും 50 കിടക്കകളുമായി ആശുപത്രി വളര്‍ന്നു.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ലേബര്‍ റൂം, ഐ സി യു, ന്യൂ ബോണ്‍ ഐ സി യു, ട്രോമ കേസുകള്‍ പോലുള്ളവയ്ക്കായി എമര്‍ജന്‍സി റൂം, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങളുള്ള ആശുപത്രിയായി അത് മാറി. പ്രവാസി മലയാളികളുടെ സാമ്പത്തിക സഹായമാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് മിഷന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു.

അട്ടപ്പാടി

ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, 24 മണിക്കൂര്‍ സേവനം, പ്രതിദിനം ശിശുരോഗ ഒപി, ഗൈനക്കോളജിസ്റ്റിന്‍റെയും സൈക്യാട്രിസ്റ്റിന്‍റെയും സേവനം, ശനിയാഴ്ച്ച തോറും കോമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുടെ ആയുര്‍വേദ ഒപി, അഡ്മിറ്റായ രോഗികള്‍ക്ക് ഭക്ഷണം, രാഷ്ട്രീയ സ്വാസ്ഥ്വ ബീമ യോജന ഇന്‍ഷുറന്‍സ് കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ചികിത്സ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ആംബുലന്‍സ് സര്‍വീസ്, അങ്ങനെ പോകുന്നു ഈ ആശുപത്രിയിലെ സൗകര്യങ്ങള്‍. ഇന്ത്യന്‍ ഡെന്റല്‍ ക്ലിനിക്കിന്‍റെ സഹായത്തോടെ ഡെന്റല്‍ ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ മാസവും സ്‌കിന്‍ ഡോക്ടറുടെയും ഗൈനക്കോളജിസറ്റിന്‍റെയും സേവനം ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.

ആശുപത്രി എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോക്ടര്‍ പറയുന്നു. “അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയിലുണ്ടാകണം. അതിനര്‍ത്ഥം വര്‍ഷം ചെല്ലുംതോറും ആശുപത്രി വലുതാക്കിക്കൊണ്ടിരിക്കുക എന്നതല്ല. ഇതുപോലൊരു പ്രദേശത്ത് ഒരു പരിധിയില്‍ കവിഞ്ഞ വികാസം ഞങ്ങളുടെ ടാര്‍ജറ്റേ അല്ല.”

അട്ടപ്പാടിയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ പോഷാകാഹാരക്കുറവും ശിശുമരണവും മാറാരോഗങ്ങളും ഡോകര്‍ നാരായണനെ ആകുലപ്പെടുത്തുന്നുണ്ട്. ഇതിനോടൊപ്പം തന്നെ മദ്യാസക്തിയും മാനസിക പ്രശ്‌നങ്ങളും പാവപ്പെട്ട ഒരു ജനതയുടെ ജീവിതം നരകതുല്യമാക്കുന്നു. ലഹരിയുടെ പിടിയിലകപ്പെട്ട ഊരുകളിലെ പുരുഷന്‍മാരില്‍ വലിയൊരു വിഭാഗം കഞ്ചാവ്-ഭൂമാഫിയകളുടെ ആയുധങ്ങളായി മാറിയിരിക്കുന്നു അദ്ദേഹം പറയുന്നു.

മദ്യാസക്തിയില്‍ നിന്ന് ആദിവാസികളെ മോചിപ്പിക്കാനായി ഒട്ടേറെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് ഡോ. നാരായണനും കൂട്ടരും.

“പല ഊരുകളിലും പുരുഷന്‍മാര്‍ ഭൂരിപക്ഷവും മദ്യപാനികളാണ്. ചില ഊരുകളില്‍ സ്ത്രീകളുടെ എണ്ണത്തേക്കാള്‍ പകുതിമാത്രമേ പുരുഷന്‍മാരുള്ളു. മദ്യം കൊണ്ടുണ്ടായ ഒരു വലിയ പ്രശ്നമാണിത്. ഒപ്പം ബാഹ്യമായ ലക്ഷണങ്ങളില്ലാതെ വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍ കൊണ്ടുനടക്കുന്നവരും ആദിവാസികള്‍ക്കിടയിലുണ്ട്.

“ജീവിത പശ്ചാത്തലം, ഊരുകളുടെ സാമൂഹികാവസ്ഥ, കുടുംബാന്തരീക്ഷം ഇവയൊക്കെ മാനസികപ്രശ്നങ്ങള്‍ക്ക് കാരണങ്ങളാണ്. പഴയ ജീവിതത്തില്‍ നിന്ന് പുറത്തുകടന്ന് ആധുനിക ജീവിതത്തോട് പൊരുത്തപ്പെടാനാകാത്തതിന്‍റെ പ്രശ്നവും ഇവര്‍ക്കുണ്ട്,” എന്നാണ് അദ്ദേഹം അനുഭവത്തില്‍ നിന്ന് പറയുന്നത്.

അട്ടപ്പാടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനായി ഒരു കര്‍മ്മപദ്ധതിയുണ്ട് മിഷന്. ഇതിന്‍റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് 2009 മുതല്‍ സാമൂഹിക മാനസികാരോഗ്യ പദ്ധതി നടപ്പാക്കി വരുന്നു. ഇരുനൂറോളം പേരാണ് ഇതിലൂടെ ചികിത്സ തേടുന്നത്. അരിവാള്‍ രോഗ നിയന്ത്രണത്തിലും ശ്രദ്ധിക്കുന്നുണ്ട് ഡോ. നാരായണനും മിഷന്‍ ഹോസ്പിറ്റലും.

ആദിവാസികള്‍ക്കിടയില്‍ നിന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുന്നതിനുള്ള ഒരു പദ്ധതിയും അദ്ദേഹം ഏറ്റെടുത്ത് നടപ്പിലാക്കി.


“മരുന്നും ചികിത്സയും കിട്ടുന്നതിനും അപ്പുറം ഞങ്ങള്‍ക്ക് സാറിന്‍റെ സ്നേഹവും കിട്ടും.


“മാസത്തില്‍ ഊരുകളില്‍ മാനസിക രോഗികളെ കാണാനെത്തും. മദ്യപാനികളുടെ കുടുംബത്തിലെ പ്രശ്നവും ചോദിച്ചു മനസിലാക്കും,” മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആദിവാസി യുവാവ് ലക്ഷ്മണന്‍ പറയുന്നു.

വനവിഭവങ്ങളും അവര്‍ കൃഷി ചെയ്തുണ്ടാക്കുന്ന തനത് വിഭവങ്ങളും കൊണ്ട് സമൃദ്ധമായിരുന്നു ഒരു കാലത്ത് ആദിവാസികളുടെ ജീവിതം. വനം ഇല്ലാതായതോടെ വനസമ്പത്തും നഷ്ടമായി. അവര്‍ക്കിണങ്ങാത്ത ഭക്ഷണരീതി സമ്മാനിച്ച രോഗങ്ങളുമായി സാമൂഹികമായ മാറ്റങ്ങളോടും ജീവിതശൈലിയോടും പൊരുത്തപ്പെടാനാകാതെ കഴിയുകയാണ് അവരിപ്പോഴും, ഡോ നാരായണന്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ വിവരിക്കുന്നു.

കൃഷി ചെയ്യാന്‍ ഇഷ്ടം പോലെ ഭൂമിയുണ്ട്. പക്ഷേ, വിളനാശവും വരള്‍ച്ചയും വന്യമൃഗങ്ങളും തടസമായി. അങ്ങനെ ഊരുകളിലെ പുരുഷന്‍മാര്‍ അലസരും മദ്യപാനികളുമായി. സ്ത്രീകള്‍ പട്ടിണിയും രോഗവും പേറി ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ തുടങ്ങി.


അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാമവികാസ സമിതികള്‍ രൂപീകരിച്ചാണ് മിഷനും ഡോ. നാരായണനും ഇടപെടുന്നത്.


കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള കാര്‍ഷിക സബ്സിഡികളെക്കുറിച്ചും വായ്പകളെക്കുറിച്ചും അവര്‍ക്ക് പറഞ്ഞുകൊടുക്കും. സമയത്തിന് അതൊക്കെ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. മാസം തോറും മീറ്റിങ്ങുകളില്‍ മിഷന്‍റെ പ്രവര്‍ത്തകര്‍ പങ്കെടുത്ത് വിവരങ്ങള്‍ കൈമാറും. ഈ സേവനങ്ങളും സൗജന്യങ്ങളും പ്രയോജനപ്പെടുത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. ഊരുകളിലെ പ്രധാന പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കി അവയ്ക്ക് കൂട്ടായ പരിഹരാം കാണാനും ഈ മീറ്റിങ്ങുകള്‍ പ്രയോജനപ്പെടുത്തും.

ഊരുകളില്‍ നിന്ന് കാര്യങ്ങള്‍ നോക്കി നടത്താന്‍ താല്‍പര്യവും കഴിവുമുള്ളവരെ തെരഞ്ഞെടുത്ത് ചുമതലകളേല്‍പ്പിച്ചാണ് പ്രവര്‍ത്തനം. മാസം തോറും മിഷന്‍റെ പ്രവര്‍ത്തകര്‍ പങ്കെടുത്ത് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കും. കര്‍ഷകസംഘങ്ങളും യൂത്ത് ക്ലബ്ബുകളും രൂപീകരിച്ചാണ് ഗ്രാമങ്ങളുടെ സുസ്ഥിരവികസനത്തിനായി പദ്ധതികള്‍ നടപ്പിലാക്കുന്നത്.

തനത് സംസ്‌കാരത്തെ കാത്തുസൂക്ഷിച്ച് മികച്ച ജീവിതശൈലിയിലേക്ക് ഇവരെ കൈപിടിച്ചു നയിക്കാനായി ഊരുകളില്‍ ബാലസംസ്‌കാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഊരുകളിലെ കുടുംബസാഹചര്യങ്ങളുടെ ഗുണപരമായ മാറ്റത്തിന്‍റെ വഴിയാണിതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഗ്രാമീണ ജനങ്ങളില്‍ സമ്പാദ്യശീലവും സ്വാശ്രയത്വവും വളര്‍ത്താനായി സ്വാശ്രയസംഘങ്ങളും രൂപീകരിച്ചിട്ടുണ്ട് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍.

സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സംഘങ്ങളുണ്ട്.

“ആദിവാസി സ്ത്രീകളെ കുടുംബശ്രീയിലെത്തിക്കാനും സ്ത്രീ ശാക്തീകരണത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം നബാഡുമായി സഹകരിച്ച് തൊഴില്‍ പരിശീലന പദ്ധതികളും നല്‍കിവരുന്നു. പരിശീലനം മാത്രം നല്‍കാതെ വരുമാനം ഉറപ്പാക്കുന്ന ഒരു സാഹചര്യമൊരുക്കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. സാമ്പത്തിക സ്വയം പര്യാപ്തതയൊരുക്കി നല്ല ജീവിതത്തിനുള്ള അടിസ്ഥാനമൊരുക്കി കൊടുക്കാനാണ് ഇതൊക്കെ ചെയ്യുന്നത്, ” ഡോക്ടര്‍ പറഞ്ഞു.

ഊരുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പല കാരണങ്ങളാല്‍ പഠനം ഉപേക്ഷിക്കുന്നുണ്ടെന്ന് ഒരു സാമ്പത്തിക സര്‍വ്വേയിലൂടെ മിഷന്‍ കണ്ടെത്തി. പത്തു കഴിയുന്നവര്‍ പിന്നെ പഠിക്കുന്നുമില്ല. കുടുംബം പുലര്‍ത്താന്‍ മറ്റൊരു തൊഴിലും ഇവര്‍ക്കറിയില്ല. ഈ സാഹചര്യത്തിലാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യപരിശീലനം നല്‍കുന്നത്. സോപ്പ്, അഗര്‍ബത്തി, എന്നിവ ഉണ്ടാക്കുക, വസ്ത്രനിര്‍മാണം, പാവനിര്‍മാണം, ബ്യൂട്ടീഷന്‍ കോഴ്സ് സാരി പ്രിന്റിംഗ, ആഭരണമുണ്ടാക്കല്‍ തുടങ്ങിയവ ഇവയില്‍പ്പെടുന്നു. ഊരുകളിലെ കൗമാരക്കാര്‍ക്കും പുറത്തുനിന്നുള്ളവര്‍ക്കും ജോലി ഉറപ്പാക്കുന്ന മൊബൈല്‍ റിപ്പയറിംഗ് വര്‍ക്കിലും വിവേകാനന്ദമെഡിക്കല്‍ മിഷന്‍ പരിശീലനം നല്‍കുന്നുണ്ട്.

തങ്ങളുടെ ഭാഷയ്ക്കും രീതികള്‍ക്കും ചേരാത്ത ശൈലിയോടുള്ള അകലമാണ് സ്‌കൂളില്‍ നിന്ന് ആദിവാസി കുട്ടികളെ അകറ്റുന്നത്. അതെല്ലാം ഉള്‍ക്കൊണ്ടാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന്‍റെ കീഴിലുള്ള മല്ലീശ്വര വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയവും ട്രസ്റ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനവാസികള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇവിടെ വിദ്യാഭ്യാസം സൗജന്യമാണ്.

തിരുവനന്തപുരത്ത് നിന്ന് ഡോ നാരായണന്‍ അട്ടപ്പാടിയിലെത്തിയിട്ട് 15 വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ കുടുംബമായി. ഭാര്യ ഡോക്ടര്‍ ലളിതയും രണ്ട് മക്കളും കോയമ്പത്തൂരാണ്. എല്ലാ ദിവസവും കോയമ്പത്തൂരില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി അദ്ദേഹത്തിന്‍റെ കാര്‍ അഗളിയിലെത്തുന്നു. അവസാനത്തെ രോഗിക്കും മരുന്ന് നല്‍കി ആശ്വസിപ്പിച്ച് കിടപ്പുരോഗികളുടെ ആരോഗ്യം ഉറപ്പാക്കി വൈകുന്നേരം തിരികെ പോകുന്നു.

ഇതൊക്കെ ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ: “ഇഷ്ടമില്ലാത്ത കാര്യം ഒരുപാട് കാലം ചെയ്യാനാകില്ല, ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ പോലും അതിനൊരു പരിധിയുണ്ട്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യം എനിക്ക് സന്തോഷം നല്‍കുന്നതാണ്. കൊട്ടിഘോഷിക്കാന്‍ പറ്റുന്നതരത്തിലുള്ള വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചില ചെറിയ കാര്യങ്ങളിലൂടെ ആദിവാസി കുടുംബങ്ങളുടെ അവസ്ഥയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. അതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്.”

ഇതൊക്കെ ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ: “ഇഷ്ടമില്ലാത്ത കാര്യം ഒരുപാട് കാലം ചെയ്യാനാകില്ല, ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ പോലും അതിനൊരു പരിധിയുണ്ട്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യം എനിക്ക് സന്തോഷം നല്‍കുന്നതാണ്. കൊട്ടിഘോഷിക്കാന്‍ പറ്റുന്നതരത്തിലുള്ള വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചില ചെറിയ കാര്യങ്ങളിലൂടെ ആദിവാസി കുടുംബങ്ങളുടെ അവസ്ഥയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. അതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്.”

മല്ലീശ്വര വിദ്യാലയം

ഇനിയുമുണ്ട് ഡോ നാരായണന് ഒരുപാട് സ്വപ്നങ്ങള്‍..നല്ലൊരു മാതൃ ശിശു സംരക്ഷണ കേന്ദ്രമാക്കണം ആശുപത്രി. ആദിവാസി വിഭാഗം ആരോഗ്യമുള്ള, ആത്മവിശ്വാസമുള്ള ഒരു ജനതയാകണം. ഊരുകളെല്ലാം തനത് സംസ്‌കാരത്തിലും കൃഷിരീതിയിലും സമൃദ്ധമാകണം, സംസ്‌കാരവും മൂല്യബോധവുമുള്ള തലമുറയായി അവര്‍ വളരണം.

ഇത്രയും കാലം ഇവിടെ സേവനം ചെയ്തില്ലേ, ഇനി പിന്‍തിരിയുമോ എന്ന ചോദ്യത്തിന് ഇതാണ് അദ്ദേഹത്തിന്‍റെ ഉത്തരം: പരാജയപ്പെട്ടാല്‍ പോലും പിന്തിരിയാതെ ഏറ്റെടുത്ത സേവനം തുടരുന്നവരുടെ ഒരു പാട് മാതൃകകള്‍ മുന്നിലുണ്ടല്ലോ. വിജയമായാലും പരാജയമായാലും ഏറ്റെടുത്ത കാര്യം സന്തോഷത്തോടെ തുടരുക എന്ന ആ സന്ദേശമാണ് എന്‍റെ ശക്തി.